
വയറു നിറഞ്ഞിട്ടും നീട്ടിയ
ചോറുരളിയില്‍ നിന്നു രക്ഷപെടാനായി
മുറ്റത്തെയ്ക്കുള്ള എന്റെ ഓട്ടത്തില്‍
കണ്ടു... നിന്നെ ഞാനാദ്യമായി ...
'വിശക്കുന്നു അമ്മേ 'എന്ന് വിളിച്ചു
നീ നീട്ടിയ പിച്ചപാത്രത്തിനോടൊപ്പം
ആദ്യമായി കണ്ടു ഞാനാ
രണ്ടു തിളങ്ങുന്ന കണ്ണുകള്‍ ...
കണ്ടാല്‍ സമപ്രായക്കാരെന്നു തോന്നിക്കിലും
നീയെന്നെ 'അമ്മേ' എന്നു വിളിച്ചാണ് യാചിച്ചത് ...
വീണ്ടും ....
കണക്കു സാറില്‍ നിന്ന് രക്ഷപെടാനുള്ള സൂത്രങ്ങളാലോചിച്ചു
സ്കൂളിന്റെ പടികള്‍ കടന്നപ്പോള്‍
നീ.. അവിടെ.....
ആ സ്കൂളിന്റെ പടിക്കല്‍ ...
നിന്റെ പാത്രത്തില്‍ വീണ നാണയങ്ങള്‍ കൊണ്ട്
കണക്ക് കൂട്ടുകയായിരുന്നു ...
അന്നും നീയെന്നെ പാളിനോക്കിയിരുന്നു ...
ഞാന്‍ നിന്നെയും ...
പിന്നിട് ....
നഗരത്തിലെ തിരക്കിന്നിടയില്‍ . ..
വീണ്ടും കണ്ടു ഞാന്‍ ....
നീയാരെയോ കാത്തു നില്‍ക്കുകയായിരുന്നു ...
എന്നിട്ടും...
എന്റെയും നിന്റെയും തിരക്കിന്നിടയിലും ....
നമ്മുടെ നയനങ്ങള്‍ അന്നും കൂട്ടിമുട്ടിയിരുന്നു ...
വീണ്ടും നീ .... ഒരു ഇട വഴിയില്‍ ..
അന്ന് നിന്റെ കൈയിലിരുന്നു കരയുന്ന കുഞ്ഞിനു
ആകാശത്തിലെ പറവകളെ
കാണിച്ചു കൊടുക്കുകയായിരുന്നു ...
അന്നും ....
നമ്മള്‍ കണ്ടു ...
നമ്മുടെ മിഴികള്‍ നമ്മെ തിരിച്ചറിഞ്ഞു ...
എന്നിട്ടും
ഞാന്‍ നിന്നോടോ ...
നീയെന്നോടോ എന്തേ ഒന്നും ചോദിച്ചില്ലാ ?
ഞാന്‍ നിന്നെയോ ...നീയെന്നെയോ നോക്കിയൊന്നു
ചിരിക്കുക പോലും ചെയ്തില്ലാ ...... ?
വീണ്ടും ....
അവസാനത്തെ കാഴ്ച ...
ആള്‍ക്കൂട്ടത്തിന്നു നടുവില്‍ . ..
ഒരു പഴന്തുണിയില്‍ പൊതിഞ്ഞു നീ കിടന്നപ്പോള്‍ ...
അന്ന്....പക്ഷേ ... നീയെന്നെ കണ്ടില്ലെങ്കിലും ...
എന്റെ കണ്ണുകള്‍ അപ്പോഴും നിന്നെ കണ്ടു
നീ കാണുന്നില്ല എന്നെ എന്നാശ്വസിച്ച്
ഞാനന്നു തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോള്‍ ...
വീണ്ടും ..കണ്ടു ഞാന്‍...
നിന്റെ തണുത്ത ശരീരത്തോടു ചേര്‍ന്നിരുന്ന് ...
നിസ്സംഗമായി എന്നെ നോക്കുന്ന
രണ്ടു കൊച്ചു കണ്ണുകള്‍..
നിന്റെ മകള്‍ ...
വീണ്ടും പുതിയ കഥ ...
പുതിയ രണ്ടു കണ്ണുകളുടെ നിസ്സംഗത ...
ആ കണ്ണുകളെയും കണ്ടില്ലെന്നു നടിച്ച് ...
ആള്‍ക്കൂട്ടത്തിന്നിടയില്‍ കൂടി ...
മുന്നോട്ടിനിയും എന്റെ തിടുക്കത്തിലുള്ള യാത്രകള്‍ . ...
എന്തുകൊണ്ടെനിക്കാ കുഞ്ഞിനെ ഒന്നു വാരിയെടുക്കാന്‍ തോന്നിയില്ലാ ...?
ഉത്തരം കിട്ടാത്ത ചോദ്യങള്‍ ....
സ്വയം ചോദിച്ചു ....ചോദിച്ചു ... വെറുതെ ....
അകലെയ്ക്കു മിഴികള്‍ പായിച്ചു ...ഞാനും..
വാച്ചില്‍ നോക്കി...
സമയം പോയെന്നു പഴിച്ച് ...
പോകട്ടെ ഞാന്‍ തിടുക്കത്തില്‍...
ഈ ലോകം , എന്റെ തലയില്‍ കൂടി കറങ്ങുന്നു
എന്ന ഭാവത്തോടെ ...
.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2586936451141394677
No comments:
Post a Comment