Saturday, March 29, 2008

അവസാനത്തെ കാത്തിരിപ്പ്

ഞാന്‍ ...
ആരോ ... എന്നോ എഴുതിത്തീര്‍ത്ത
ഒരു പുസ്തകമായിരുന്നു...
എന്നിട്ടും....
നിന്നെ കണ്ടപ്പോള്‍ നീയെനിക്കു...
എന്റെ പേനയിലെ മഷിയായി ....

നിന്റെ ഊണ്‍മേശയില്‍ നിന്ന് കൈതട്ടി
വീഴുന്ന അപ്പക്കഷണങ്ങള്‍ക്കായ് ...
ആര്‍ത്തിയോടെ ഞാന്‍ കാത്തിരുന്ന കാലം
എന്റെ ജീവന്റെ പുസ്തകത്തില്‍ ...
ഒരിക്കലും മറക്കാനാകാത്ത ....
അവസാനത്തെ അദ്ധ്യായം ....
ഞാനെഴുതിച്ചേര്‍ത്തു.. ..

കൊടും ചൂടില്‍...
തളര്‍ന്നു തനിച്ചായിപ്പോയ ഞാന്‍ ...
നിന്റെ പാനപാത്രത്തില്‍ നിന്നുമൊരുതുള്ളി
ദാഹജലമെന്റെ...
ചുണ്ടിനെ നനയ്ക്കുമെന്നോര്‍ത്ത് ....
കൊതിയോടെ ...
കാത്തിരുന്ന നിമിഷങ്ങള്‍ ...
ആ അവസാന അദ്ധ്യായത്തിന്നക്ഷരങ്ങളായി മാറി ...

ഇനി ......
വിശപ്പും ദാഹവുമില്ലെതെയായി ....
പിടഞ്ഞു വീഴുന്നൊരു നിമിഷമേ ബാക്കിയുള്ളൂ ...
അന്ന് ...
ഒരു പിടി മണ്ണു നിന്‍ കൈയ്യാല്‍ വീഴുമെന്ന ..
അവസാനത്തെ കാത്തിരിപ്പിന്‍ നിമിഷങ്ങള്‍ കൊണ്ടു ...
ഞാനീ പുസ്തകത്തിനൊരു ...പുറംചട്ട കൂടിയുണ്ടാക്കട്ടെ ....

.

Saturday, March 8, 2008

എന്നെ തോല്‍പ്പിക്കുന്നുവോ പ്രണയമേ നീ ??

എന്റെ കണ്ണുകള്‍ ..... തേടുന്നത്‌
നിന്നെയാനെന്നറിഞ്ഞപ്പോള്‍
പറഞ്ഞു മടുത്തു ഞാനവയോട് ....
ഈ കുടിലിലേയ്ക്ക് ...
നീയിനി വരില്ലെന്ന് .....
എന്നിട്ടും .......
നോക്കെത്താ ദുരത്തോളം ....
എന്നെ പറ്റിച്ചു വീണ്ടും വീണ്ടും ....
ഒളികണ്ണിട്ടു നോക്കിയെന്നെ ....
തോല്പ്പിക്കുന്നു‌ അവര്‍....

അകലെ നിന്നൊരു മാത്ര നീ വിളിച്ചെങ്കില്‍
നേര്‍ത്തതെങ്കിലുമാ സ്വരം
കേള്‍ക്കാതെ പോയെങ്കിലോയെന്ന
ഭയത്താല്‍ ....
പക്ഷികളുടെ കലപില ശബ്ദത്തിന്നിടയിലും ...
അറിയാതെ കാതു കുര്‍പ്പിച്ചു ...
വീണ്ടും .... വീണ്ടും ....
കാതുകളും തോല്‍പ്പിക്കുന്നുവെന്നെ ...

ഓരോ ശ്വാസത്തിലും ....
തേടുകയാണ്‌ ഞാന്‍ ...നിന്റെ സുഗന്ധം ....
പറഞ്ഞു മടുത്തു....
എന്നോടു തന്നെ ...
നീ നടന്നു പോയിക്കഴിഞ്ഞുവെന്നു ...
എങ്കിലും ...ശ്വസിക്കാതിരിക്കാനാവില്ലല്ലോ
എന്ന് മറു ചോദ്യം ചോദിച്ചു ...
തോല്‍പ്പിക്കുവാന്‍ നോക്കുന്നു
ഞാന്‍ ... എന്നെത്തന്നെ ....

ഇപ്പോള്‍ ...മഞ്ഞു മലകളില്‍ നിന്നും വരുന്ന കാറ്റിന്‌ ..
ശരിരത്തെ മാത്രമല്ല ... മനസ്സിനെയും ...
മരവിപ്പിക്കാന്‍ കഴിയുന്ന തണുപ്പ് ....
തിരയുകയാണ് ഞാനിന്നു ...
നഷ്ടപ്പെട്ടു പോയ ....
അല്ല...
ഇല്ലാതെ പോയ .....
എന്റെ പ്രിയപ്പെട്ട കമ്പിളി പുതപ്പിനായി

ഒരിക്കല്‍....
നീയൊരു മഴയായി പെയ്തിറങ്ങുമെന്നു
പറയുന്ന മനസ്സിനോടു ....
പലവട്ടം ഞാന്‍ പറഞ്ഞു....
''അരുത് .....
വേണ്ടാ ...
ഇനിയും സ്വപനങ്ങള്‍ വേണ്ടാ ...
ഓര്‍ക്കുക നീയിപ്പോള്‍ ...
ഒരു മഴത്തുള്ളി പോലും ....
ദാനമാണെന്ന് ...''

എങ്കിലും ...
ഇപ്പോഴറിയുന്നു ...
ഞാന്‍ തോറ്റിടത്ത് ....
എന്നെ തോല്പിച്ചു കൊണ്ടു
ജയിക്കുന്നതെന്റെ പ്രണയമാണെന്ന് ...

.

http://www.orkut.com/CommMsgs.aspx?cmm=27013054&tid=2589714371563938037&start=1

ചിലര്‍ ....

ചിലര്‍ ....
അവര്‍ വിരിഞ്ഞു നിക്കുന്ന പൂവിനെനോക്കി
ചെടിയിലെ മുള്ളുകളെ കുറിച്ചോര്‍ത്തു വിലപിച്ചു പോകുന്നവര്‍
മിന്നാമിനുങ്ങിനെ നോക്കി
സൂര്യനുമായി താരതമ്യം ചെയ്തു പരിഹസിക്കുന്നവര്‍ ...
മരുഭൂമിയിലെ ഇളംകാറ്റിനോട് ...
കൊടുങ്കാറ്റാവാന്‍ ആവശ്യപെടുന്നവര്‍ ...
കുഞ്ഞു ചിറകുകള്‍ വിരിച്ചാകാശത്തിലേയ്ക്ക് പറക്കുന്ന
കൊച്ചു പക്ഷിക്ക്‌ വേഗം പോരായെന്നു പറയുന്നവര്‍ ...
മുറിഞ്ഞ കാലുമായി ഏന്തി നടക്കുന്നവനെ കണ്ട്‌ ...
കൈപിടിച്ചു സഹായിക്കുവാന്‍ ചെല്ലുന്നവരെ പോലും
പരിഹസിച്ചു ആട്ടിയോടിക്കുവാന്‍ നോക്കുന്നവര്‍ ...

ഒറ്റക്കണ്ണന്‍മാര്‍ .....
മറ്റുള്ളവരുടെ കണ്ണിലെ കരടിനെ നോക്കി ...
മറ്റുള്ളവര്‍ക്ക്‌ കാഴ്ച കൊടുക്കാന്‍ വേവലാതിപ്പെടുന്നതിന്നിടയ്ക്കു ...
സ്വയം രണ്ടു കണ്ണും തുറന്നു നോക്കാന്‍
കഴിയാതെ പോകുന്നവരീ ഒറ്റക്കണ്ണന്‍മാര്‍ ...
ദൈവത്തിന്‍ ദാനമായ രണ്ടു കണ്ണിലൊന്നിന്‍ കാഴ്ചയെ
സ്വന്തം കൈത്തലം കൊണ്ട് മറച്ചു നടക്കുന്നവര്‍ ....

ഒറ്റക്കണ്ണന്‍മാര്‍...അറിയാതെ പോകുന്നുവോ ....
മുള്ളുകളുള്ള ചെടിയിലും പൂക്കള്‍ വിരിയുമെന്ന്
ഇരുട്ടിലെ മിന്നാമിന്നി തന്‍ വെളിച്ചം
ചിലര്‍ക്ക് ഒരാശ്വാസമാണെന്ന്
മരു ഭൂമിയിലെ ഇളംകാറ്റു ഒരനുഗ്രഹമാണെന്ന്
കല്ലുകളെത്ര എറിഞ്ഞാലും ...പക്ഷി ആകാശത്തുകുടി
പറക്കുക തന്നെ ചെയ്യുമെന്ന്
പരിഹാസമെത്ര ചൊരിഞ്ഞാലും-
ഏന്തി നടക്കുന്നവന് ഒരു കൈത്താങ്ങായി
വരുന്ന മനസ്സിന്‍ നന്മ ...അതിനെ ആട്ടിയോടിക്കുവാന്‍
ആവില്ല നിങ്ങള്‍ക്കെന്നു ...

എങ്കിലും ,ഒറ്റക്കണ്ണന്‍മാരേ... നിങ്ങളും വേണമീ ലോകത്തു ...
നിങ്ങളുടെ ജല്പനങ്ങള്‍ കേട്ടു ....
ചിലപ്പോള്‍ , ഒരു കൊച്ചു പക്ഷി
എത്രയും വേഗം ആകാശത്തിലേക്ക് ചിറകിട്ടടിച്ചു
വാശിയോടെ പറന്നെങ്കിലോ...?

.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2587858359429030133&start=1

മാപ്പ്.....

മാപ്പ്.....
പലരോടും പറയുവാന്‍ കാത്തുവച്ചൊരു വാക്ക് ....
അവസാനം പലരോടും പറയുവാന്‍ കഴിയാതെ ....
തൊണ്ടയിലിരുന്നു ശ്വ്വാസം മുട്ടിയൊരു വാക്ക്...
പലരില്‍ നിന്നും കേള്‍ക്കുവാന്‍ കൊതിച്ചൊരു വാക്ക് ......
പലര്‍ക്കും പറയുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാശിച്ച ഒരു വാക്ക്
ആര്‍ക്കൊക്കെയോ വേണ്ടി പിന്നെ
ആരൊക്കെയോ പറയേണ്ടി വന്നൊരു വാക്ക് .....

തീരത്തെഴുതിയ അക്ഷരം മായ്ക്കും തിരമാലയേക്കാള്‍ വേഗത്തില്‍...
അഗ്നിയെ കെടുത്തും ശക്തിയുള്ളതീ വാക്കു
ആരോടെങ്കിലും പറയുവാന്‍
നീ കാത്തു വച്ചിട്ടുണ്ടെങ്കില്‍ ...
അഹംഭാവം കാത്തു സൂഷിച്ചു നീ
കാത്തിരിക്കുന്നതെന്തിനു ?

ആരില്‍ നിന്നെങ്കിലും കേള്‍ക്കുവാന്‍ കൊതിക്കുന്നെങ്കില്‍ ....
എന്തിനു നീയും കാത്തിരിക്കുന്നു ?
അഹമെന്ന ഭാവം മാറ്റി വച്ചൊരു നിമിഷം
ചെവിയോന്നു ചേര്‍ക്കൂ നിന്‍ മനസ്സിന്‍ സ്വരം കേള്‍ക്കാന്‍......
കേള്‍ക്കുവാന്‍ കൊതിച്ചവനോട് നീ തന്നെ പറഞ്ഞു നോക്കു..
അറിയാമാ വാക്കിന്‍ ശക്തിയപ്പോള്‍ ........
ഒരു ജന്മം കേള്‍ക്കാന്‍ കൊതിച്ചോരാ വാക്കൊരു -
നിമിഷം നിന്നരുകില്‍ നിന്നു വിതുംബുന്നതും

മാപ്പ്......
കേള്‍ക്കുവാന്‍ കൊതിച്ചവരൊക്കെയും കേള്‍ക്കട്ടെ
പറയുവാന്‍ കാത്തിരുന്നവരൊക്കെയും പറയട്ടെ....
കാലമേ....നീ അനുവദിക്കണമേ .....
കാത്തിരിക്കണമേ ..... ക്ഷമയോടെ നീയും .......

.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2587626081155211509&start=1

Wednesday, March 5, 2008

അവള്‍ ....

അന്ന് ...
വയറു നിറഞ്ഞിട്ടും നീട്ടിയ
ചോറുരളിയില്‍ നിന്നു രക്ഷപെടാനായി
മുറ്റത്തെയ്ക്കുള്ള എന്റെ ഓട്ടത്തില്‍
കണ്ടു... നിന്നെ ഞാനാദ്യമായി ...

'വിശക്കുന്നു അമ്മേ 'എന്ന് വിളിച്ചു
നീ നീട്ടിയ പിച്ചപാത്രത്തിനോടൊപ്പം
ആദ്യമായി കണ്ടു ഞാനാ
രണ്ടു തിളങ്ങുന്ന കണ്ണുകള്‍ ...
കണ്ടാല്‍ സമപ്രായക്കാരെന്നു തോന്നിക്കിലും
നീയെന്നെ 'അമ്മേ' എന്നു‌ വിളിച്ചാണ് യാചിച്ചത് ...

വീണ്ടും ....
കണക്കു സാറില്‍ നിന്ന് രക്ഷപെടാനുള്ള സൂത്രങ്ങളാലോചിച്ചു
സ്കൂളിന്റെ പടികള്‍ കടന്നപ്പോള്‍
നീ.. അവിടെ.....
ആ സ്കൂളിന്റെ പടിക്കല്‍ ...
നിന്റെ പാത്രത്തില്‍ വീണ നാണയങ്ങള്‍ കൊണ്ട്
കണക്ക് കൂട്ടുകയായിരുന്നു ...
അന്നും നീയെന്നെ പാളിനോക്കിയിരുന്നു ...
ഞാന്‍ നിന്നെയും ...

പിന്നിട്‌ ....
നഗരത്തിലെ തിരക്കിന്നിടയില്‍ . ..
വീണ്ടും കണ്ടു‌ ഞാന്‍ ....
നീയാരെയോ കാത്തു നില്‍ക്കുകയായിരുന്നു ...
എന്നിട്ടും...
എന്റെയും നിന്റെയും തിരക്കിന്നിടയിലും ....
നമ്മുടെ നയനങ്ങള്‍ അന്നും കൂട്ടിമുട്ടിയിരുന്നു ...

വീണ്ടും നീ .... ഒരു ഇട വഴിയില്‍ ..
അന്ന് നിന്റെ കൈയിലിരുന്നു കരയുന്ന കുഞ്ഞിനു
ആകാശത്തിലെ പറവകളെ
കാണിച്ചു കൊടുക്കുകയായിരുന്നു ...
അന്നും ....
നമ്മള്‍ കണ്ടു‌ ...
നമ്മുടെ മിഴികള്‍ നമ്മെ തിരിച്ചറിഞ്ഞു ...
എന്നിട്ടും
ഞാന്‍ നിന്നോടോ ...
നീയെന്നോടോ എന്തേ ഒന്നും ചോദിച്ചില്ലാ ?
ഞാന്‍ നിന്നെയോ ...നീയെന്നെയോ നോക്കിയൊന്നു
ചിരിക്കുക പോലും ചെയ്തില്ലാ ...... ?

വീണ്ടും ....
അവസാനത്തെ കാഴ്ച ...
ആള്‍ക്കൂട്ടത്തിന്നു നടുവില്‍ . ..
ഒരു പഴന്തുണിയില്‍ പൊതിഞ്ഞു നീ കിടന്നപ്പോള്‍ ...
അന്ന്....പക്ഷേ ... നീയെന്നെ കണ്ടില്ലെങ്കിലും ...
എന്റെ കണ്ണുകള്‍ അപ്പോഴും നിന്നെ കണ്ടു‌‌

നീ കാണുന്നില്ല എന്നെ എന്നാശ്വസിച്ച്‌
ഞാനന്നു തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോള്‍ ...
വീണ്ടും ..കണ്ടു ഞാന്‍...

നിന്റെ തണുത്ത ശരീരത്തോടു ചേര്‍ന്നിരുന്ന് ...
നിസ്സംഗമായി എന്നെ നോക്കുന്ന
രണ്ടു കൊച്ചു കണ്ണുകള്‍..
നിന്റെ മകള്‍ ...

വീണ്ടും പുതിയ കഥ ...
പുതിയ രണ്ടു കണ്ണുകളുടെ നിസ്സംഗത ...
ആ കണ്ണുകളെയും കണ്ടില്ലെന്നു നടിച്ച് ...
ആള്‍ക്കൂട്ടത്തിന്നിടയില്‍ കൂടി ...
മുന്നോട്ടിനിയും എന്റെ തിടുക്കത്തിലുള്ള യാത്രകള്‍ . ...

എന്തുകൊണ്ടെനിക്കാ കുഞ്ഞിനെ ഒന്നു വാരിയെടുക്കാന്‍ തോന്നിയില്ലാ ...?
ഉത്തരം കിട്ടാത്ത ചോദ്യങള്‍ ....
സ്വയം ചോദിച്ചു ....ചോദിച്ചു ... വെറുതെ ....
അകലെയ്ക്കു മിഴികള്‍ പായിച്ചു ...ഞാനും..

വാച്ചില്‍ നോക്കി...
സമയം പോയെന്നു പഴിച്ച് ...
പോകട്ടെ ഞാന്‍ തിടുക്കത്തില്‍...
ഈ ലോകം , എന്റെ തലയില്‍ കൂടി കറങ്ങുന്നു
എന്ന ഭാവത്തോടെ ...

.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2586936451141394677